തിരൂർ മുനിസിപ്പാലിറ്റി ചരിത്രം
പുരാതന കാലം മുതൽക്കു തന്നെ മലാബാറിൻ്റെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഒരു പട്ടണമാണ് തിരൂർ. തിരൂരിൻ്റെ വിവിധ പ്രദേശങ്ങൾ പഴയ വെട്ടത്ത് നാട്, സാമൂതിരിയുടെ ഭരണ പ്രദേശങ്ങൾ എന്നിവയുടെ ഭാഗമായിരുന്നു. മധ്യകാല കേരളത്തിലെ ജ്യോതി ശാസ്ത്ര-ഗണിത പാരമ്പര്യത്തിൻ്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു തിരൂർ. ഭൌമ സൂചികപദവി ലഭിച്ച തിരൂർ വെറ്റില തിരൂരിൻ്റെ കാർഷിക പദവി വിളിച്ചോതുന്നു. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ചൻ്റെ ജൻമ ദേശം കൂടിയാണ് തിരൂർ.ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലയുടെ ഭാഗമായിരുന്ന തിരൂരിൽ നിന്നാണ് കേരളത്തിലെ ആദ്യ റെയിൽവേ ലൈൻ സ്ഥാപിതമാകുന്നത്. കാല ക്രമത്തിൽ മലബാറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രങ്ങളിലൊന്നായി തിരൂർ വികസിച്ചു.
1971 ഒക്ടോബർ 1നാണ് തൃക്കണ്ടിയൂർ കൂടി ഉൾപ്പെടുത്തി തിരൂർ താലൂക്ക് നിലവിൽ വരുന്നത് തുടർന്ന് കേരളത്തിൻ്റെ നഗര തദ്ദേശ സ്വയംഭരണ സംവിധാനത്തിൻ്റെ വികസനത്തോടൊപ്പം തിരൂർ നഗരസഭയും വികസിച്ചു. നഗരസഭയുടെ ആദ്യ ചെയർമാനായ ശ്രീ എം മുഹമ്മദ് മൂപ്പൻ, തുടർന്നു വന്ന പ്രഗൽഭരായ നിരവധി ചെയർമാൻമാരിലൂടെ നഗരസഭയുടെ നിലവിലെ ചെയർപേഴ്സനായ ശ്രീ കീഴേടത്തിൽ ഇബ്രാഹിം ഹാജിയിൽ എത്തി നിൽക്കുമ്പോൾ കേരളത്തിലെ തന്നെ എറ്റവും മികച്ച നഗരങ്ങളിലൊന്നായി തിരൂർ മാറിയിട്ടുണ്ട്.